Monday, May 11, 2009
നിമിഷാർദ്ധം
ഓരോ ചിത്രവും ഒരു കഥ പറയുന്നുവെന്നും ആ കഥ ബാക്കിയുള്ളവരെ കേൾപ്പിക്കാൻ ഒർക്കുട്ട് ആൽബത്തിൽ എഴുതുന്ന രണ്ട് വരി മതിയാവില്ലെന്നും അതിനു പറ്റിയത് ഒരു ഫോട്ടോബ്ലോഗ് ആണെന്നും എനിക്കു കാട്ടിത്തന്നത് എന്റെ വേറൊരു കൂട്ടുകാരൻ. http://smrithijaalakam.blogspot.com
എന്റെ ചിത്രങ്ങൾ പറയുന്ന കഥകൾ നിങ്ങളിലേക്കെത്തിക്കാൻ ഞാനും ഒരു ഫോട്ടോബ്ലോഗ് തുടങ്ങുന്നു. www.nimishaardham.blogspot.com. വരുക....നിങ്ങളുടെ വരവിനായി കാതോർത്തിരിക്കുന്നു.....ഞാനും, എന്റെ ചിത്രങ്ങളും, അവർക്ക് പറയാനുള്ള കഥകളും.......
Friday, January 18, 2008
പയ്യോളി പോലീസ് സ്റ്റേഷനില്‍ ഒരു പകല്‍ (ഒരു സമരകഥ- ഭാഗം 2)
അന്നെന്തായാലും പ്രിന്‍സി പോലീസിനെ വിളിച്ചില്ല. അഡ്മിഷന്‍ നടക്കാന്‍ ഞങ്ങള്‍ സമ്മതിച്ചുമില്ല. മക്കളെ എഞ്ചിനീയറിങ്ങ് കോളേജില്‍ ചേര്‍ക്കാന്‍ വന്ന ചില അച്ഛനമ്മമാര്‍ക്ക് ഞങ്ങളുടെ ധാര്‍മ്മിക രോഷം ശരിക്കും മനസ്സിലായില്ല. അവരും രണ്ട് ചേരിയായി തിരിഞ്ഞു. അഡ്മിഷന്‍ നടത്താന്‍ സമ്മതിക്കണമെന്നും അതു കഴിഞ്ഞാല്‍ അവരും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാമെന്നും ഒരു കൂട്ടര്‍. ഞങ്ങള്‍ ചെയ്യുന്നതു കോളേജിന്റെ നല്ലതിനു വേണ്ടി ആണെന്നും ഇതു അവരുടെ മക്കള്‍ക്കും കൂടി പഠിക്കെണ്ട കോളേജ് ആയതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നതു ഒരു നല്ല കാര്യമാണെന്നും മറ്റൊരു കൂട്ടര്‍. ആദ്യം പറഞ്ഞ കൂട്ടരുടെ കൈയ്യില്‍ നിന്നും ഞങ്ങളുടെ റെപ്പിന് അത്യാവശം ചീത്തയും കേട്ടു. എന്തായാലും അന്ന് അഡ്മിഷന്‍ നടന്നില്ല.
അടുത്ത ദിവസം ഞങ്ങള്‍ കോളേജിലെത്തുമ്പൊ ഒരു പോലീസ് ജീപ്പും ഒരു പോലീസ് വാനും കോളേജിനു പുറത്ത് കിടക്കുന്നു. ഉള്ളൊന്നു കാളിയെങ്കിലും സകല സമരഗുരുക്കളേയും മനസ്സില്‍ ധ്യാനിച്ച് ഞങ്ങള്‍ പരിപാടികള്‍ ആരംഭിച്ചു. പഴയ പ്രേം നസീര്‍ സിനിമകളില്‍ ക്ലൈമാക്സിലെ സ്റ്റണ്ട് കഴിയാറാവുമ്പൊ എത്തുന്ന പോലീസുകാരോട് വില്ലന്മാരെ ചൂണ്ടി നായകന്‍ പറയുന്നതുപോലെ പ്രിന്‍സി ആജ്ഞാപിച്ചു. “അറസ്റ്റ് ദെം”. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരോട് ഞങ്ങള്‍ക്കു രണ്ടായിരുന്നു കണ്ടീഷന്‍സ്. ഒരു പ്രശ്നവും ഉണ്ടാക്കാതെ ഞങ്ങള്‍ കൂടെ വരാം. പക്ഷെ ഞങ്ങള്‍ ഇരുന്നേ പോവൂ. ആകെപ്പാടെ ഒരു വാനും ഒരു ജീപ്പും ഉണ്ട്. കൂടിപ്പോയാല്‍ സീറ്റിങ്ങ് കപ്പാസിറ്റി ഒരു 20. ഞങ്ങള്‍ എല്ലാം കൂടെ പോപ്പുലേഷന്‍ ഏതാണ്ട് 300 എങ്കിലും വരും. (അറസ്റ്റ് പേടിച്ച് അന്ന് കോളേജില്‍ വരാത്തവരെ കൂട്ടാതെ). ഒരു വാനും ഒരു ജീപ്പും കൂടി വന്നാലും ട്രിപ്പ് അടിച്ച് കുറെ ഡീസല്‍ കത്തിപ്പോവും. പിന്നെ അടുത്ത കണ്ടീഷന്‍, ആദ്യം പെണ്‍കുട്ടികളെ കൊണ്ടുപോവണം എന്ന്. രണ്ടും അവര്‍ സമ്മതിച്ചു. അങ്ങനെ അറസ്റ്റ് തുടങ്ങി.
അറസ്റ്റ് എന്നു പറയുമ്പോ ഇരുണ്ട ഒരു ലോക്കപ്പും അഴികളുമൊക്കെ ആയിരുന്നു എന്റെ മനസ്സില്‍ തെളിയുന്നത്. അങ്ങനെ പെണ്‍കുട്ടികളുടെ ലാസ്റ്റ് ട്രിപ്പില്‍ കുറച്ച് ആണ്‍കുട്ടികളും കയറി. ഞാനും എന്റെ കൂട്ടുകാരന്‍ ബോബിയും ആയിരുന്നു ജീപ്പിന്റെ മുമ്പിലത്തെ സീറ്റില്‍ ഡ്രൈവറുടെ കൂടെ. കയറി ജീപ്പ് വിട്ടതും ഞങ്ങള്‍ മുദ്രാവാക്യം വിളി തുടങ്ങി. ഇതു എന്റെ ആദ്യത്തെ സമരമാണെന്ന് ആരും വിചാരിക്കെണ്ട....സമരവും ജയിലും ഒക്കെ ഒരു പുത്തരിയല്ല എന്നു വിചാരിച്ചോട്ടെ എന്നു മനസ്സില്‍ കരുതി ഘോരഘോരം ഞാനും മുദ്രാവാക്യം വിളിച്ച് തുടങ്ങി. ഞങ്ങളുടെ ചോരത്തിളപ്പ് കണ്ട് ഒരു ചെറുപുഞ്ചിരിയോടെ ആ ജീപ്പ് ഡ്രൈവര്‍ ചോദിച്ചു,
“ഇതിപ്പൊ ആരേ കേള്‍പ്പിക്കാനാ ഈ മുദ്രാവാക്യം വിളി?. ടൌണ്‍ എത്താറാവുമ്പോ ഞാന്‍ പറയാം. അപ്പൊ വിളിച്ച് തുടങ്ങിയാ മതി.”
അതു കേട്ട് ഞങ്ങള്‍ ഒന്നടങ്ങി. പറഞ്ഞതു പോലെ ടൌണ്‍ എത്തുന്നതിനു ഒരഞ്ച് മിനിറ്റ് മുമ്പ് പുള്ളി പറഞ്ഞു, ടൌണ്‍ എത്താറായി...വിളിച്ചു തുടങ്ങിക്കോളാന്‍. എന്റെ മനസ്സില്‍ ഉണ്ടായിരുന്ന പോലീസുകാരന്റെ ഇമേജുമായിട്ട് പുള്ളി തീരെ അങ്ങോട്ട് മാച്ച് ആവുന്നില്ലായിരുന്നു...മുദ്രാവാക്യം വിളിക്കാന്‍ പോലീസുകാരന്‍ പറയ്യേ....ഇതു വരെ കേട്ടിട്ടും വായിച്ചിട്ടും ഒക്കെ ഉള്ളതു മുദ്രാവാക്യം വിളിക്കാന്‍ വാ തുറന്നാല്‍ വായില്‍ ലാത്തി കുത്തികേറ്റുന്ന പോലീസുകാരെ കുറിച്ചാണ്. അതിനിടെ ഇങ്ങനൊരാള്‍. ഈ ചിന്താക്കുഴപ്പങ്ങളും മുദ്രാവാക്യം വിളിയുമൊക്കെയായി ഞങ്ങള്‍ അങ്ങനെ പയ്യോളി പോലീസ് സ്റ്റേഷനില്‍ എത്തി. അവിടെ കണ്ട കാഴ്ച..........
നല്ല പച്ചപ്പുല്ലിന്റെ ലോണ്‍...അതില്‍ വട്ടം കൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍.....അന്താക്ഷരിയോ മറ്റോ കളിക്കുന്നതില്‍ ബിസി ആയിരുന്നു അവര്‍....പിന്നെ ചിലര്‍ അവിടത്തെ പോലീസുകാരുമായി കത്തിയടി....എല്ലാരും നല്ല ജോളി മൂഡ്...പിന്നെ അധികം ആലോചിക്കാന്‍ നിന്നില്ല...ഞങ്ങളും കൂടി...പോലീസ് സ്റ്റേഷനില്‍ കിടന്നര്‍മ്മാദിക്കാന്‍ ദൈവം ഇനി ഒരവസരം തന്നില്ലെങ്കിലോ...
വാല്‍ക്കഷ്ണം: സമരം അടുത്ത ദിവസം ഒത്തുത്തീര്‍പ്പായി...പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ സഹകരിച്ച ഞങ്ങളെ പോലീസുകാര്‍ക്ക് വളരെ ഇഷ്ടമായി....അറസ്റ്റു പേടിച്ച് അന്ന് കോളേജില്‍ വരാത്തവരെ അടുത്ത ദിവസം എല്ലാരും കൂടി കൂവി നാറ്റിച്ചു.....S5ഇല്‍ ടൂര്‍ നടക്കാത്തതു കാരണം പയ്യോളി പോലീസ് സ്റ്റേഷനിലെ ആ ഒരു പകല്‍ ഞങ്ങള്‍ ഒരു പിക്നിക് ആയി ഇന്നും മാനിച്ചുപോരുന്നു.....
Wednesday, January 9, 2008
ഒരു സമരകഥ- ഭാഗം 1.
കഥയിലേക്ക് കടക്കും മുമ്പ് സി.ഐ.ടി.വിയെ കുറിച് ഒരു നാലു വരി. ആ കാലത്തു കേരളത്തില്‍ കൂടുതലും ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. കേരളത്തിനു വെളിയില്‍ ബാക്കി ദക്ഷിണേന്റ്യന്‍ സംസ്ഥാനങ്ങളില്‍ കൂണു പോലെ മുളച്ചുകൊണ്ടിരുന്ന ഒരു വസ്തുവായിരുന്നു പ്രൈവറ്റ് എഞ്ചിനീയറിങ്ങ് കോളേജുകള്‍. 1999ഇല്‍ കേരള ഗവണ്മെന്റ് ഒരു പുതിയ കണ്ടുപിടിത്തം നടത്തി - സെമി ഗവണ്മേന്റ് എഞ്ചിനീയറിങ്ങ് കോളേജുകള്‍. അങ്ങനത്തെ കോളേജുകളുടെ നോക്കി നടത്തിപ്പിനു വേണ്ടി തുടങ്ങിയ ഒരു സ്ഥാപനമാണ് കോ ഓപറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ അഥവാ കേപ്. കേപ്പിന്റെ കീഴില്‍ ഉള്ള ആദ്യത്തെ കോളേജ് എന്ന ബഹുമതി ഞങ്ങളുടെ സ്വന്തം സി.ഐ.ടി.വിക്ക് ഉള്ളതായിരുന്നു. അവിടുത്തെ ആദ്യത്തെ ബാച്ച് എന്ന പട്ടം ഞങ്ങള്‍ക്കും.
ഭാരതാംബയുടെ മാറില്‍ വിരിയുന്ന എല്ലാ എഞ്ചിനീയറിങ്ങ് കോളേജുകളുടേയും തലതൊട്ടപ്പനാണ് ആള്‍ ഇന്‍ഡിയ കൌണ്‍സില്‍ ഒഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (ഏ.ഐ.സി.ടി.ഇ). മൂപ്പരുടെ അനുഗ്രഹം ഇല്ലെങ്കില്‍ പഠിച്ചിറങ്ങുമ്പോള്‍ കിട്ടുന്ന ഡിഗ്രി സര്‍ട്ടിഫിക്കെറ്റില്‍ കോളേജിനു മുമ്പിലുള്ള ചായക്കടയില്‍ നിന്നും പരിപ്പുവട പൊതിഞ്ഞുകൊണ്ടുപോകാം. പുതുതായി തുടങ്ങുന്ന കോളേജുകള്‍ക്ക് കോളേജില്‍ അപ്പോളുള്ള സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ 1 വര്‍ഷത്തെ പ്രൊവിഷണല്‍ റെക്കൊഗ്നിഷന്‍ കിട്ടും. ഒരു വര്‍ഷം കഴിയുമ്പോള്‍ കോളേജിന്റെ പെര്‍മനെന്റ് ബില്‍ഡിങ്ങും മറ്റും കാട്ടി പെര്‍മനെന്റ് റെകൊഗ്നിഷന് അപേക്ഷിക്കണം. ഏ.ഐ.സി.ടി.ഇ മുത്തച്ഛന് അതൊക്കെ കണ്ട് ബോധിച്ചാല്‍ കോളേജിനെ ഭാരതത്തില്‍ എഞ്ചിനീയറിങ്ങ് പഠിപ്പിക്കാന്‍ പറ്റിയ സ്ഥലങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കും.
ഞങ്ങള്‍ പഠിക്കാന്‍ തുടങ്ങുമ്പോള്‍ കോളേജിനു പ്രൊവിഷണല്‍ റെകൊഗ്നിഷന്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പൊ അതില്ലാണ്ടായി. ഞങ്ങളുടെ കോളേജിനും അതിനു മുമ്പിലുള്ള തട്ട് കടക്കും എ. ഐ. സി. ടി. ഇയുടെ കണ്ണില്‍ തുല്ല്യ വിലയായി...ശ്ശെ...അങ്ങനെ പറയുന്നതും ശരിയല്ല. തട്ട് കടയില്‍ ചെന്നാല്‍ ഒന്നുമില്ലെങ്കില്‍ ചായയും കല്ലുമ്മക്ക ഫ്രൈയും കിട്ടും. ഞങ്ങളുടെ കോളേജില്‍ വന്നാല്‍ എടുത്തു കൊടുക്കാന്‍ എയറ് പിടിച്ച് നില്‍ക്കുന്ന ഞങ്ങളുടെ പ്രിന്‍സിയും പിന്നെ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച സ്ക്രൂ പോയ ഒന്നു രണ്ടു ഡ്രാഫ്റ്ററുകളും മാത്രം.
ഞങ്ങളുടെ ബാച്ച് കഴിഞ്ഞ് ഒരു ബാച്ച് കൂടി വന്നു. അതിന്റെ അടുത്ത ബാച്ച് വരാറായിട്ടും എ.ഐ.സി.ടി.ഇ. റെകൊഗ്നിഷന്റെ കാര്യം സംസാരിക്കുമ്പോള്‍ “അരിയെത്ര” എന്ന ചോദ്യത്തിന് “പയറഞ്ഞാഴി” എന്ന മോഡല്‍ ഉത്തരമാണു ഞങ്ങളുടെ ബഹുമാനപെട്ട പ്രിന്‍സി തന്നുകൊണ്ടിരുന്നത്. ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷമ നശിച്ചു. ഇതിന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ആകാതെ അടുത്ത ബാച്ചിന്റെ അഡ്മിഷന്‍ നടത്താന്‍ സമ്മതിക്കരുതെന്ന് തീരുമാനം ആയി. മൂന്നാം ദിവസം അഡ്മിഷന്‍ ആണ്. അടുത്ത ദിവസം ഞങ്ങള്‍ സമരം തുടങ്ങി. പറയുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ച് ആദ്യസമരത്തിന്റെ ഉത്സാഹത്തില്‍ ഞാനും. സമരത്തിന്റെ മുഖ്യ പരിപാടി പ്രിന്‍സിയുടെയും മറ്റും ഓഫീസിന്റെ മുമ്പില്‍ നിരന്നിരിക്കുക എന്നതായിരുന്നു. ഇടക്കിടക്കു മുദ്രാവാക്യം വിളി. വിളിച് മടുക്കുമ്പോള്‍ ഇരുന്നു അശ്വമേധം, അന്താക്ഷരി മുതലായ കളികള്‍, പ്രിന്‍സിയോ വേറേ സാറുമ്മാരോ ആരേയെങ്കിലും പുറത്ത് കണ്ടാല്‍ പൂര്‍വാധികം ശക്തിയോടെ മുദ്രാവാക്യം വിളി. അങ്ങനെ സമരത്തിന്റെ ആദ്യ ദിവസം വിജയകരമായി പൂര്‍ത്തീകരിച്ചു. രണ്ടാം ദിവസവും ഇതൊക്കെ തന്നെ. പ്രിന്‍സിയുടെ ഭാഗത്തു നിന്നും കമാ മാത്രമല്ല വേറേ ഒരക്ഷരവും വരുന്നില്ല. മൂന്നാം ദിവസം. അഡ്മിഷന്‍ ഡേ.
(തുടരും)
Wednesday, January 2, 2008
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി .......
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്‍ ആത്മശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞുപൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറേ
കനവിന്റെ ഇതളായ് നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറേ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനിവിലൊരു കല്ലു കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നില്‍ അഭയം തിരഞ്ഞു പോകുന്നു
അടരുവാന്‍ വയ്യ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം
നിന്നില്‍ അടിയുന്നതേ നിത്യ സത്യം.
(രചന: ഓ.എന്‍.വി. കുറുപ്പ് ആലാപനം: മധുസൂദനന്‍ നായര്‍ ചിത്രം: ദൈവത്തിന്റെ വികൃതികള്‍)
ഈ കവിതയിലെ അവസാനത്തെ നാലു വരി എനിക്കു വളരെ അധികം ഇഷ്ടപ്പെട്ടു. സ്നേഹം എന്ന വികാരത്തെ ഇതിലും നന്നായി വര്‍ണിച്ചു ഞാന്‍ കണ്ടതായി എനിക്കു ഓര്‍മ്മയില്ല.
Tuesday, December 18, 2007
ചളു..
കേരളത്തിലേ സ്കൂളുകളില്‍ മൊട്ടിട്ട് കോളേജുകളില്‍ പടര്‍ന്നു പന്തലിച്ച് കായ്ച് കുലച് അങ്ങനെ സ്ഥിതി ചെയ്യുന്ന ഒരു മഹാവൃക്ഷമാണ് ചളു. അതിനു തടമെടുത്തൂം വെള്ളം കോരിയും അതിനെ പരിപാലിച്ചു കഴിയുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും ആണ്‍കുട്ടികളാണ്. രക്തബന്ധം പോലത്തൊരു ആത്മബന്ധമാണ് അവര്‍ തമ്മില്‍. പെണ്‍കുട്ടികളില്‍ ചളുവിനോടു കൂറു പുലര്‍ത്തുന്നവര്‍ കുറവാണ്. അതുകൊണ്ട് തന്നെ അതിനോടുള്ള സഹനശേഷിയും.
കാസര്‍ഗോഡ് മുതല്‍ പാറശാല വരെ അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചളുവിനു പല രീതിയില്‍ ഉള്ള സ്വീകരണങ്ങളാണ് ....ഞാന്‍ പഠിച(?) കോ ഒപെറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ (വിളിപ്പേര് സി. ഐ. ടി. വീ) എന്തായാലും ചളുവിനു വന്‍ മാര്‍ക്കെറ്റായിരുന്നു. ആടിച്ചിറക്കിയ ഓരോ ചളുവും ചിരിച്ചും ചിരി നടിച്ചും പ്രോത്സാഹിപിച്ച എന്റെ പ്രിയ കൂട്ടുകാരേ....ഐ മിസ്സ് യു ആള്‍.....നിങ്ങളുടെ വില ഞാന്‍ ഇന്നു മനസ്സിലാക്കുന്നു......
വീട്ടില്‍ വരുന്ന സമയത്തു അവിടത്തെ കൂട്ടുകാരോടു കോളേജില്‍ അടിക്കുന്ന പോലെ ചളു അടിച്ചപ്പൊ ഇനി ഈ മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി മുതുകത്തിടി കിട്ടും എന്നായിരുന്നു പ്രതികരണം. ഹ്യൂമര്‍സെന്‍സില്ലാത്ത വര്‍ഗ്ഗം...ഛെ......
പിന്നെ ഞാന്‍ MBAക്കു ചേര്‍ന്നു....ഭാരതാംബയുടെ ഉത്തര സംസ്ഥാനമായ ഉത്തര്‍ പ്രദേശിന്റെ ഒരു കൊച്ചു ജില്ലയായ കാന്‍പൂറിലേ ഇന്‍ഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ (വിളിപ്പേര് ഐ.ഐ.ടി). അവിടെ എന്റെ ക്ലാസ്സില്‍ ആകെയുള്ള മലയാളി ഞാന്‍. ചളു രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതു കാരണം ആദ്യമൊക്കെ അവിടേയും ഈ ജാതി കലാപരിപാടികള്‍ നടത്തിയിരുന്നു....പിന്നെ പിന്നെ മലയാളത്തിലെ ചളു translate ചെയ്തു ഇങ്ക്ലീഷിലും ഹിന്ദിയിലും ഒക്കെ ആക്കുമ്പോളേക്കും അതിന്റെ ആ ഒരു ‘ഇതു’ നഷ്ടപ്പെടും എന്നു മനസ്സിലായി തുടങ്ങി...
അങ്ങനെ ചളു അടിക്കാനുള്ള ആ ഒരു ത്വര ഞാന്‍ വളരെ പാടു പെട്ട് അടക്കി വെക്കാന്‍ തുടങ്ങി. നീണ്ട രണ്ടു വര്‍ഷക്കാലം വായില്‍ വന്ന മലയാളം ചളു ഒക്കെ കടിച്ചമര്‍ത്തി അതെല്ലാം ഒരു ചിരിയില്‍ മാത്രം ഒതുക്കി ഞാന്‍ ജീവിച്ചു പോന്നു....എ വെരി ലോങ് റ്റു ഇയെര്‍സ്......
ഐ. ഐ. ടിയില്‍ നിന്നും എച്. സി. എലിലേക്കു ജീവിതം പറിച്ചു നട്ടപ്പോളും എനിക്കു മലയാളി കമ്പനി നഹി നഹി....ഏതാണ്ട് ഒരു വര്‍ഷത്തോളം എടുത്തു ഒരു പറ്റം മലയാളി കൂട്ടുകാരെ കിട്ടാന്‍....
അതു ഒരു പുതിയ തുടക്കമായിരുന്നു.....പഴയ ചളു പൊടി തട്ടി എടുത്തു പ്രയോഗിക്കാനും, പുതിയ ചളു കേട്ടു പഠിക്കാനും എല്ലാം ഒരു അവസരം. രണ്ട് വര്‍ഷക്കാലം വിശന്നു കിടന്നവന് ഭക്ഷണം കിട്ടിയ അവസ്ഥ. അങ്ങനെ പഴയ ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടിയും...പുതിയ ആയുധങ്ങള്‍ ശേഖരിച്ചും ചളുവടിയുടെ പ്രയാണം ഇനിയും മുമ്പോട്ട്...........
